മൗലാനാ ആസാദ് ഫെല്ലോഷിപ്പ്; കേന്ദ്ര സർക്കാർ തീരുമാനം പരിശോധിക്കാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ പരിശോധിക്കും. എന്നാൽ, പ്രീ-മെട്രിക് സ്കോളർഷിപ്പുകൾ പുനരാരംഭിക്കേണ്ട ആവശ്യമില്ലെന്നാണ് കമ്മിഷന്‍റെ നിലപാട്. ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര വ്യക്തമാക്കി.

ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പും ഉന്നത വിദ്യാഭ്യാസത്തിനുള്ള മൗലാന ആസാദ് ഫെല്ലോഷിപ്പും സർക്കാർ നിർത്തിവെച്ചത് പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ഭാഗമായാണ് പ്രീ മെട്രിക് സ്കോളർഷിപ്പ് നിർത്തലാക്കിയതെന്ന് ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ പറഞ്ഞു.

അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഇതിനായി രണ്ടംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സമിതിയുടെ റിപ്പോർട്ട് ന്യൂനപക്ഷ കമ്മീഷന്‍റെ അടുത്ത യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.