‘മേ ഹും മൂസ’ സെപ്റ്റംബർ 30 ന്; ബുക്കിം​ഗ് ആരംഭിച്ചു

സുരേഷ് ഗോപി വേറിട്ട ലുക്കിലും ഭാവത്തിലും എത്തുന്ന ചിത്രമാണ് ‘മേ ഹും മൂസ’. പ്രഖ്യാപന വേള മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബാണ്. ചിത്രം സെപ്റ്റംബർ 30ന് തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചതായാണ് വിവരം.

കേരളത്തിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുവെന്ന വാർത്ത പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സൈജു കുറുപ്പും സുരേഷ് ഗോപിയുമാണ് പോസ്റ്ററിൽ ഉള്ളത്. നിരവധി പേർ ചിത്രത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തി.

മലപ്പുറം സ്വദേശിയായ മൂസ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എന്‍റർടെയ്നറായാണ് അവതരിപ്പിക്കുന്നത്. കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെയും തോമസ് തിരുവല്ല ഫിലിംസിന്‍റെയും ബാനറിൽ ഡോ.സി.ജെ.റോയിയും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൂനം ബജ്വയാണ് നായിക. അശ്വിനി റെഡ്ഡി, സൈജു കുറുപ്പ്, ജോണി ആന്‍റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശ്രിന്ദ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.