ഒമാനിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ആരോഗ്യ മന്ത്രാലയം

മസ്‌കറ്റ്: ഒമാനിൽ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങൾ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞ നിലയിലാണ്. ശൈത്യകാലമായതിനാൽ, ഇൻഫ്ലുവൻസയുടെ കേസുകളാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കോവിഡിന്‍റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 50 വയസിന് മുകളിലുള്ളവർ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ, ഹൃദ്രോഗമുള്ളവർ, നാഡീ സംബന്ധമായ രോഗങ്ങളുള്ളവർ, രക്തപ്രശ്നമുള്ളവർ, പൊണ്ണത്തടിയുള്ളവർ, കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, ഗർഭിണികൾ എന്നിവർക്ക് ഇൻഫ്ലുവൻസ വാക്സിന് സൗജന്യമായി നൽകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.