ബ്രസീലിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പിയെദ്രോയുടെ ഹൃദയമെത്തി

ബ്രസീലിയ: രണ്ടു നൂറ്റാണ്ടുകൾക്കുശേഷം, ചക്രവർത്തി ദോം പിയെദ്രോ ഒന്നാമന്‍റെ ഹൃദയം അദ്ദേഹം ഹൃദയം കൊടുത്ത് സ്നേഹിച്ചിരുന്ന നാട്ടിലേക്ക് തിരിച്ചെത്തി. പോർച്ചുഗലിൽ നിന്ന് ബ്രസീൽ സ്വാതന്ത്ര്യം നേടിയതിന്‍റെ 200-ാം വാർഷികം ആഘോഷിക്കാനാണ് ആ വരവ്. 1882 സെപ്റ്റംബർ 7-ന് ദോം പിയെദ്രോ ഒന്നാമനാണ് ബ്രസീലിന്‍റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ബ്രസീലിലെ ആദ്യത്തെ ചക്രവർത്തി കൂടിയായിരുന്നു അദ്ദേഹം.

35-ാം വയസ്സിൽ പോർച്ചുഗലിൽ ക്ഷയരോഗം ബാധിച്ച് മരിച്ച പിയെദ്രോ ഒന്നാമന്‍റെ ഹൃദയം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ശരീരത്തിൽ നിന്ന് നീക്കം ചെയ്ത് സൂക്ഷിച്ചു. ഫോര്‍മാല്‍ഡിഹൈഡ് നിറച്ച ചില്ലുഭരണിയില്‍ പോര്‍ട്ടോയിലെ ‘ഔര്‍ ലേഡി ഓഫ് ലാപ്പ’ പള്ളിയുടെ അള്‍ത്താരയിലാണ് ഹൃദയത്തിന്റെ സ്ഥാനം.

ബ്രസീലിയൻ വ്യോമസേനയുടെ വിമാനത്തിൽ എത്തിയ ഹൃദയം പൂർണ്ണ സൈനിക ബഹുമതികളോടെ സ്വീകരിച്ച് ബ്രസീലിയയിൽ പൊതുദർശനത്തിന് വയ്ക്കും. ദോം പിയെദ്രോ ഒന്നാമന്‍ ജീവിച്ചിരിക്കുന്നു എന്നപോലെ രാഷ്ട്രത്തലവനു നല്‍കുന്ന ആദരം ഹൃദയത്തിനേകുമെന്ന് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ബ്രസീലിന്‍റെ ദേശീയഗാനവും സ്വാതന്ത്ര്യഗാനവും ഹൃദയസ്വീകരണച്ചടങ്ങില്‍ ആലപിക്കും. സ്വാതന്ത്ര്യ ദിനമായ സെപ്റ്റംബർ ഏഴിന് ശേഷം ഹൃദയം പോർച്ചുഗലിലേക്ക് തിരിച്ചയക്കും.