വിസിക്കെതിരായ ഗവർണറുടെ പ്രസ്താവനക്കെതിരെ അമ്പതിലധികം ചരിത്രകാരൻമാരും പണ്ഡിതൻമാരും രംഗത്ത്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശത്തെ അപലപിച്ച് അമ്പതിലധികം ചരിത്രകാരൻമാരും പണ്ഡിതൻമാരും രംഗത്തെത്തി. വൈസ് ചാൻസലർക്കെതിരെ ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന വ്യാജവും അപകീർത്തികരവും രാഷ്ട്രീയ പ്രേരിതവുമായ പ്രചാരണം അംഗീകരിക്കാനാവില്ലെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും പ്രശസ്ത ചരിത്രകാരനുമായ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രനെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രിമിനൽ എന്ന് വിളിച്ചത് ഞെട്ടലുണ്ടാക്കുന്നതാണ്. കേരളത്തിന്‍റെ കാർഷിക ചരിത്രത്തിലും ജനസംഖ്യാശാസ്ത്രത്തിലും പ്രത്യേക വൈദഗ്ധ്യമുള്ള ഇന്ത്യയിലെ പ്രമുഖ ചരിത്രകാരൻമാരിൽ ഒരാളാണ് പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ.

ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ചരിത്ര-സാംസ്‌കാരിക വിഭാഗം തലവനായ അദ്ദേഹം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ നെൽസൺ മണ്ടേല സെന്‍റർ ഫോർ പീസ് ആൻഡ് കോൺഫ്ലിക്റ്റ് റെസല്യൂഷന്‍റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.