എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം; നേട്ടവുമായി ബുർഹാൻപൂർ

മധ്യപ്രദേശ്: എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിച്ച രാജ്യത്തെ ആദ്യ ജില്ലയായി മധ്യപ്രദേശിലെ ബുർഹാൻപൂർ മാറി. 2019ൽ കേന്ദ്ര സർക്കാർ ജൽ ജീവൻ മിഷൻ ആരംഭിച്ചപ്പോൾ ജില്ലയിലെ 37,000 കുടുംബങ്ങൾക്ക് മാത്രമാണ് പൈപ്പ് വെള്ളം ലഭ്യമായിരുന്നത്. 34 മാസത്തിന് ശേഷം ജില്ലയിലെ 254 ഗ്രാമങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർക്കാർ ഓഫീസുകളിലെയും ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിച്ചു.

കരാറുകാരന് പദ്ധതിയുടെ തുക അനുവദിക്കണമെങ്കിൽ റോഡുകളിലും മറ്റും എടുത്ത പൈപ്പ് കുഴി നികത്തി ഉയർന്ന നിലവാരത്തിൽ റോഡുകൾ സഞ്ചാരയോഗ്യമാക്കിയെന്ന് ഗ്രാമസഭകൾ സർട്ടിഫിക്കറ്റ് നൽകണം. ഓരോ ഗ്രാമത്തിലെയും വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റികൾ ഇപ്പോൾ അറ്റകുറ്റപ്പണികൾ നടത്തുകയും യൂസർ ഫീസ് ഈടാക്കുകയും ശമ്പള ചെലവുകൾക്ക് ആവശ്യമായ തുക കണ്ടെത്തുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ജൽ ജീവൻ മിഷനാണ് ഹർ ഘർ ജൽ (എല്ലാ വീടുകളിലും വെള്ളം) നടപ്പാക്കിയത്. 2024 ഓടെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പിൽ തമിഴ്നാടും മറ്റുള്ളവരും വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024 ലക്ഷ്യമിട്ടുള്ള ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാനും കേരളം ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡുകൾ കുഴിക്കുന്നത് ജൽ ജീവൻ മിഷന്‍റെ ഭാഗമാണ്.