എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ അറസ്റ്റ് ചെയ്ത് പോലീസ്

പാലക്കാട്: സംഘപരിവാർ നിയന്ത്രണത്തിലുള്ള എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഷോളയാർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദിവാസി ഭൂമി കയ്യേറിയെന്ന കേസിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ഷോളയാറിലെ വട്ടലക്കിയിൽ പട്ടിക വർഗ്ഗ സമുദായത്തിൽപ്പെട്ട രാമൻ എന്നയാളുടെ ഭൂമി കയ്യേറിയെന്നാണ് കേസ്. മാരകായുധങ്ങളുമായി സ്ഥലത്തെത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും കുടിലിന് തീയിടുകയും ഒഴിപ്പിക്കുകയും സ്ഥലം കയ്യേറുകയും ചെയ്തുവെന്നാണ് ആരോപണം. തിങ്കളാഴ്ച രാവിലെയാണ് അജി കൃഷ്ണൻ വിദേശത്ത് നിന്ന് എത്തിയത്. സ്വപ്ന സുരേഷിന് ജോലി നൽകിയതിനെച്ചൊല്ലി വിവാദത്തിൽ അകപ്പെട്ട സംഘപരിവാർ നിയന്ത്രണത്തിലുള്ള സംഘടനയാണ് എച്ച്.ആർ.ഡി.എസ്.