ഷാരോൺ വധം; പെൺസുഹൃത്ത് ഗ്രീഷ്മയെ ഇന്ന് അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ ആക്രമണം. വീടിന്‍റെ ജനൽച്ചില്ലുകൾ തകർന്ന നിലയിലാണ്. രാത്രിയിലാണ് ആക്രമണം നടന്നതെന്ന് അയൽവാസികൾ പറഞ്ഞു. അതേസമയം, കുറ്റം സമ്മതിച്ച ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മ, അത് മൂടിവയ്ക്കാൻ കെട്ടിപ്പടുത്ത നുണകളുടെ കൊട്ടാരം പൊലീസ് അനായാസമാണ് തകർത്തത്. കഷായം കുറിച്ച് നൽകിയെന്ന് പറയപ്പെടുന്ന ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാൻ പൊലീസിനെ ഏറ്റവും കൂടുതൽ സഹായിച്ചത്. ഷാരോണിന്‍റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയെ വെട്ടിലാക്കി.

ഗ്രീഷ്മ കഷായം നിർദ്ദേശിച്ചുവെന്ന് അവകാശപ്പെട്ട ആയുർവേദ ഡോക്ടർ അരുൺ ആരോപണം തള്ളി. ഷാരോണിന് നൽകിയ അതേ ജ്യൂസ് കുടിച്ച അമ്മയ്ക്കൊപ്പം വന്ന ഓട്ടോ ഡ്രൈവറും അസ്വസ്ഥനായിരുന്നുവെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഡ്രൈവർ പ്രദീപ് പറഞ്ഞു. ഷാരോൺ ആശുപത്രിയിലായിരുന്നപ്പോഴും കഷായത്തിന്‍റെ പേര് ഗ്രീഷ്മ വെളിപ്പെടുത്തിയില്ല.