ടൊവിനോയുടെ ‘ഡിയര്‍ ഫ്രണ്ട്’ ധാക്ക ചലച്ചിത്രോത്സവത്തിലേക്ക്; ഒഫീഷ്യല്‍ സെലക്ഷന്‍ നേടി

ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ‘ഡിയർ ഫ്രണ്ട്’ 21-ാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 10 ന് തിയേറ്ററുകളിൽ എത്തിയ ഡിയർ ഫ്രണ്ട് ഈ വർഷത്തെ ടൊവീനോയുടെ രണ്ടാമത്തെ തിയറ്റർ റിലീസായിരുന്നു. ദർശന രാജേന്ദ്രൻ, അർജുൻ ലാൽ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

‘അയാൾ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രമാണിത്. എന്നാൽ ചിത്രത്തിന് തിയേറ്ററുകളിൽ മോശം പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിവസങ്ങളിൽ തന്നെ പല തിയേറ്ററുകൾക്കും പ്രദർശനം ഒഴിവാക്കേണ്ടിവന്നു. എന്നാൽ, ജൂലൈ 10 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് ശേഷം, ചിത്രം സോഷ്യൽ മീഡിയ സിനിമാ ഗ്രൂപ്പുകളിൽ സംസാരവിഷയമായി മാറിയിരുന്നു.