മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഡിമിനിസ്ട്രിറ്റീവ് ഭരണം മാറ്റി, പഴയ ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നിർദ്ദേശം.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ, പുറത്താക്കിയത് നടപടിക്രമങ്ങൾ പാലിക്കാതെ എന്നാണ് കോടതി ഉത്തരവിലുള്ളത്. നോട്ടീസ് നൽകുകയോ ഹിയറിംഗ് നടത്തുകയോ ചെയ്തില്ലെന്ന കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഭരണസമിതിയംഗങ്ങളെ കേട്ട് നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും കോടതി വിധിയിൽ പറയുന്നു. ശബരിമലയ്ക്ക് നൽകിയ നെയ്യിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് ഭരിക്കുന്ന മിൽമ തിരുവനന്തപുരം യൂണിയനെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടത്. നേരത്തെ സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഭരണസംതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് സർക്കാരിന് തിരിച്ചടി.
