വാര്‍ത്തകള്‍

സാരിയുടെ പേരില്‍ തര്‍ക്കം വിവാഹത്തിന് മണിക്കൂറുകള്‍ക്ക് വധുവിനെ കൊലപ്പെടുത്തി യുവാവ്

സാരിയുടെ പേരില്‍ തുടങ്ങിയ തർക്കം അവസാനിച്ചത് കൊലപാതകത്തില്‍. വിവാഹത്തിനു മണിക്കൂറുകള്‍ക്കു മുമ്ബ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തിയത് വരൻ തന്നെ. സോണി ഹിമ്മത് റാത്തോഡാണ് (22) കൊല്ലപ്പെട്ടത്. വരൻ സാജൻ ബാരയ്യയെ (26) പൊലീസ് അറസ്റ്റ് ചെയ്തു.ഗുജറാത്തിലെ ഭാവ്‌നഗർ നഗരത്തില്‍, ടെക്രി ചൗക്കിനടുത്തുള്ള പ്രഭുദാസ് ലേക്ക് ഏരിയയിലാണ് ദാരുണമായ കൊലപാതകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഒന്നര വർഷമായി ലിവ് ഇൻ പങ്കാളികളായിരുന്നു സാജനും സോണിയും. പിന്നീട് വിവാഹനിശ്ചയം നടന്നു. ശനിയാഴ്ചയാണ് വിവാഹം ഉറപ്പിച്ചത്. എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്കു മുമ്ബ് വിവാഹസാരിയെയും പണത്തെയും ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടായി. പ്രകോപിതനായ സാജൻ ഇരുമ്ബ് പൈപ്പുകൊണ്ട് സോണിയുടെ തലയ്ക്കടിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തു.

സോണി അപ്പോള്‍തന്നെ കൊല്ലപ്പെട്ടു. തുടർന്ന് വീടും സാധനങ്ങളും അടിച്ചുതകർത്ത സാജൻ സ്ഥലംവിട്ടു. നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി പുലർച്ചെ യുവതിയുടെ വീട്ടിലെത്തുകയായിരുന്നെന്നും ഇരുവരും തമ്മില്‍ തർക്കമുണ്ടാകുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച അയല്‍ക്കാരില്‍ ഒരാളുമായി സാജൻ തർക്കത്തിലേർപ്പെടുകയും ഇതില്‍ ഇയാള്‍ക്കെതിരെ പരാതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.