600 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാര്‍ മറിഞ്ഞു; 6 പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ: മുംബൈയില്‍ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞ് 6 പേർക്ക് ദാരുണാന്ത്യം. നാസിക്കിലെ കല്‍വണ്‍ താലൂക്കിലുള്ള സപ്തശൃംഗി ഗഡ് ഘട്ടിലാണ് അപകടം ഉണ്ടായത്.ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. മരിച്ച ആറ് പേരും നിഫാഡ് താലൂക്കിലെ പിംപല്‍ഗാവ് ബസ്വന്ത് സ്വദേശികളാണെന്നു ഉദ്യോഗസ്ഥൻ പറഞ്ഞു.
7 പേരാണു വാഹനത്തിലുണ്ടായിരുന്നത്. സംഭവസ്ഥലത്ത് വച്ചു തന്നെ ആറുപേരും മരിച്ചു. കീർത്തി പട്ടേല്‍ (50), റസീല പട്ടേല്‍ (50), വിത്തല്‍ പട്ടേല്‍ (65), ലത പട്ടേല്‍ (60), വചൻ പട്ടേല്‍ (60), മണിബെൻ പട്ടേല്‍ (70) എന്നിവരാണു മരിച്ചത്.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ”മഹാരാഷ്ട്രയിലെ നാസിക്കില്‍ ഉണ്ടായ അപകടത്തില്‍ ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.
സംഭവത്തെ ”അത്യന്തം ദുഃഖകരം” എന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അറിയിച്ചു.
