പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുരക്ഷാവീഴ്ച; സ്വര്‍ണക്കട്ടികളും നാണയങ്ങളും കടത്തിയതായി ഡി.ജി.പി.യുടെ റിപ്പോര്‍ട്ട് പുറത്ത്
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായും ഭക്തർ സമർപ്പിച്ച സ്വർണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായും വ്യക്തമാക്കുന്ന ഡി.ജി.പി.യുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്.എ.ഡി.ജി.പി. (ഇന്റലിജൻസ്) നല്‍കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി എസ്. ശ്രീജിത്ത് ഐ.പി.എസ്. സർക്കാരിന് സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.
ക്ഷേത്രത്തിലെ പല വിലപിടിപ്പുള്ള പുരാതന വസ്തുക്കളും അറ്റകുറ്റപ്പണികള്‍ക്കായി പുറത്തേക്ക് കൊണ്ടുപോയ ശേഷം കൃത്യമായി തിരികെ എത്തിച്ചിട്ടില്ലെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു.
ഭക്തർ കാണിക്കയായി സമർപ്പിച്ച ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും ഇതിനോടകം കാണാതായിട്ടുണ്ട്. ഇതിന് പുറമെ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന പവിത്രമായ ‘വൈരനാമം’ കഴിഞ്ഞ ആറുമാസമായി തിരികെ വെച്ചിട്ടില്ലെന്നും, ഔദ്യോഗിക രേഖകളൊന്നുമില്ലാതെ ക്ഷേത്രത്തിലെ സ്വർണവിളക്ക് മാറ്റി പകരം വെള്ളിവിളക്ക് സ്ഥാപിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
