ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പൊലീസിന് ആശ്വാസം, സിബിഐ വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: മാസപ്പടി കേസിൽ പരിശോധനയ്‍ക്കെത്തിയ ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയന്‍റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തി കോടതി, പൊതുതാല്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി.
അഭിഭാഷകനായ ജോജോ ജോസാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയത്. ആക്രമണമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.
എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ ദിശയിൽ നടക്കുകയാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
ഇഡി പരിശോധനയെക്കുറിച്ച് മുൻകൂർ അറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് അറിയിച്ച പൊലീസ്, സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചില്ലെന്നും ഇന്റലിജൻസ് വീഴ്ചയും ഉണ്ടായിട്ടില്ലെന്നും പൊലീസിന്‍റെ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ട് രേഖപ്പെടുത്തിയാണ് ഹർജി തീര്‍പ്പാക്കിയത്.
