‘രാഷ്ട്രപതിയുടെ സന്ദര്‍ശനം എന്റെ സമ്മാനം’ ; സുരേഷ് ഗോപി
തൃശൂര്‍: രാഷ്ട്രപതിയുടെ സന്ദര്‍ശനം തൃശൂരിലെ ജനങ്ങള്‍ക്ക് തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി നല്കാന് കഴിഞ്ഞ സമ്മാനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘ഇതിനുമുമ്പ് രാഷ്ട്രപതിമാര്‍ തൃശ്ശൂരില്‍ വന്നിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍, ഈ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി രാഷ്ട്രപതിയെ തൃശ്ശൂരിലെത്തിക്കാന് സാധിച്ചത് ഒരു പുണ്യമായാണ് ഞാന്‍ കരുതുന്നത്’- സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘രാഷ്ട്രപതി വന്നതുകൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്നവരുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. സന്ദര്‍ശനത്തിന്റെ ഭാഗമായി തൃശ്ശൂരിന്റെ പല ഭാഗങ്ങളിലും വഴികള്‍ തെളിഞ്ഞു, ശുചീകരണം നടന്നു, റോഡുകള്‍ പുതുക്കപ്പെട്ടു, ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കപ്പെട്ടു. തൃശ്ശൂര്‍ മാത്രമല്ല, ഗുരുവായൂരിലും അതുപോലെ സഖാവ് സി. അച്യുതമേനോന് സ്മാരക കോളേജിന്റെ ഹെലിപ്പാഡിലുമെല്ലാം നാളെ ജനങ്ങള്‍ക്ക് ഒരത്യാവശ്യത്തിന് ഉപകരിക്കുന്ന തരത്തിലുള്ള പുതുക്കലുകളും നവീകരണ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കപ്പെട്ടു. പ്രത്യേകിച്ച് ഗുരുവായൂരില്‍ നടന്ന ഈ മാറ്റങ്ങളെക്കുറിച്ച്, ‘രാഷ്ട്രപതിമാരോ ഉപരാഷ്ട്രപതിമാരോ പ്രധാനമന്ത്രിമാരോ എല്ലാ വര്‍ഷവും ഇതുപോലെ ഒന്ന് വന്നിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഇത്രയേറെ ഗുണം ഉണ്ടായേനെ’ എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളില്‍ നിന്നുണ്ടായത്.’ -കുറിപ്പില്‍ പറയുന്നു.
