പ്ലസ്ടു വിദ്യാര്‍ഥി സ്കൂളിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍
പഞ്ചാബിലെ അമൃത്സറില് സ്കൂള്‍ നീന്തല്‍ക്കുളത്തില്‍ പ്ലസ്ടു വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ജിടി റോഡിലെ ശുഭം എൻക്ലേവിലുള്ള ‘ശ്രീ ഗുരു ഹർകൃഷ്ണൻ പബ്ലിക് സ്കൂള്‍ ഓഫ് എക്സലൻസി’ലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ആര്യൻ (18) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. സ്കൂളില്‍ സംഘടിപ്പിച്ച നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാൻ പോയതായിരുന്നു ആര്യനെന്ന് മാതാവ് സുനിത പറഞ്ഞു.
രാത്രി എട്ടുമണിയോടെ കുട്ടിയെ നോവ മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആര്യന്റെ കുടുംബം ആരോപിച്ചു.
കുട്ടിയെ ആശുപത്രിയിലാക്കിയതിന് പിന്നാലെ സ്കൂള്‍ അധികൃതർ തിരികെ പോയെന്നും പിന്നീട് ഇവരെ ഫോണില്‍ പോലും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും മാതാവ് സുനിത വ്യക്തമാക്കി.
മകന്റെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങള്‍ വിശദീകരിക്കാൻ സ്കൂള്‍ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവം നടന്നിട്ടും സ്കൂള്‍ മാനേജ്മെന്റോ കുട്ടിയുടെ കുടുംബമോ വിവരം ഉടൻ തന്നെ പൊലീസില്‍ റിപ്പോർട്ട് ചെയ്യാത്തതില്‍ അത്ഭുതമുണ്ടെന്ന് പഞ്ചാബ് പൊലീസ് എസിപി രവീന്ദർ സിംഗ് സിദ്ധു പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
