രാം സുതൻ അന്തരിച്ചു; വിടവാങ്ങിയത് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശില്‍പി
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സൃഷ്ടാവും പ്രശസ്ത ഇന്ത്യൻ ശില്പിയുമായ രാം സുതാർ (100) അന്തരിച്ചു.നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു. ഡിസംബർ 17 ന് അർദ്ധരാത്രി ഞങ്ങളുടെ വസതിയില്‍ എന്റെ പിതാവ് ശ്രീ റാം വഞ്ചി സുതാറിന്റെ നിര്യാണം അഗാധമായ ദുഃഖത്തോടെ നിങ്ങളെ അറിയിക്കുന്നുവെന്ന് മകൻ അനില്‍ സുതാർ പ്രസ്താവനയില്‍ പറഞ്ഞു.
1925 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഗൊണ്ടൂർ ഗ്രാമത്തില്‍ ജനിച്ച രാം സുതാർ ചെറുപ്പം മുതലേ കലയോടും ശില്‍പത്തോടും അഭിനിവേശം പ്രകടിപ്പിച്ചു. മുംബൈയിലെ പ്രശസ്തമായ ജെജെ സ്കൂള്‍ ഓഫ് ആർട്ട് ആൻഡ് ആർക്കിടെക്ചറില്‍ പഠിച്ച് സ്വർണ്ണ മെഡല്‍ ജേതാവായി ബിരുദം നേടി. തുടർന്ന് ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ശ്രദ്ധേയമായ ഒരു കലാജീവിതം. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ശില്‍പികളില്‍ ഒരാളായി അദ്ദേഹം മാറി.
