മകനെ കല്ലുകൊണ്ട് അടിച്ച് കൊന്ന ശേഷം മൃതദേഹം കവുങ്ങിൻ തോട്ടത്തില്‍ കുഴിച്ചുമൂടി; അമ്മ അറസ്റ്റില്‍
സേലം: തമിഴ്നാട്ടിലെ സേലത്ത് മകനെ കൊലപ്പെടുത്തിയ മാതാവ് പിടിയില്‍. ബേലൂരിനടുത്തുള്ള കരടിപ്പട്ടി സ്വദേശി മണികണ്ഠനാണ് മരിച്ചത്.സംഭവത്തില്‍ ഇയാളുടെ അമ്മ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഴപ്പാടിക്ക് സമീപമുള്ള ഒരു അടയ്ക്ക തോട്ടത്തില്‍ നിന്നാണ് നിർമാണ തൊഴിലാളിയായ മണികണ്ഠൻ്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. മാർച്ച് എട്ടിന് ശേഷം മണികണ്ഠനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാള്‍ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാല്‍ ഭർത്താവിനെ കാണാതായതില്‍ സംശയം തോന്നിയ വിനോദിനി ഏപ്രില്‍ ഒന്നിന് വാഴപ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വീട്ടിലുണ്ടായ തർക്കത്തിനിടെ ജ്യോതി മകനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം തോട്ടത്തില്‍ കുഴിച്ചുമൂടി. പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു.
മണികണ്ഠൻ മദ്യപാനത്തിന് അടിമയായിരുന്നുവെന്നും കുടുംബാംഗങ്ങളുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനെത്തുടർന്നാണ് ഭാര്യ വിനോദിനി ഇയാളുമായി പിരിഞ്ഞ് സ്വന്തം വീട്ടില്‍ പോയത്. 10 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നുവെങ്കിലും ഒരു മകൻ രണ്ട് വർഷം മുമ്പ് മരിച്ചു. കൊലപാതകത്തിന് സഹായിച്ച ബന്ധുക്കളെ കണ്ടെത്താൻ അന്വേഷണം നടന്നു വരികയാണ്.
