ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് സ്പെയിൻ കിരീടം നേടി
2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ 1-0 ന് അർജന്റീനയെ തോൽപ്പിച്ച് കിരീടം നേടി. അമേരിക്കയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
തുടക്കം മുതൽ അവസാനം വരെ പൂർണ്ണ ആധിപത്യം സ്പെയിനിന് ആയിരുന്നു ,
. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിൽ അർജന്റീനക്കെതിരെ സ്പെയിൻ 1–0ന് ലീഡ് നേടി. ഇടത് വിങ്ങിലൂടെ നിക്കോ വില്യംസ് ഒരുക്കിയ അവസരം ടോറസ് കൃത്യമായി വലയിലെത്തിച്ചതോടെയാണ് ദീർഘനേരം നീണ്ട ഗോൾരഹിത പോരാട്ടത്തിന് വിരാമമായത്.
നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനാകാതെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടിരുന്നു. എന്നാൽ കളിയുടെ ഭൂരിഭാഗവും നിയന്ത്രിച്ചത് സ്പെയിനായിരുന്നു. പന്തടക്കത്തിലും ആക്രമണത്തിലും വ്യക്തമായ ആധിപത്യം പുലർത്തിയ സ്പാനിഷ് നിരയ്ക്ക് മുന്നിൽ അർജന്റീന പ്രതിരോധത്തിലേക്ക് ഒതുങ്ങി. ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന അവസാന ഘട്ടം പത്ത് പേരുമായാണ് കളിച്ചത്.
മത്സരത്തിലുടനീളം അർജന്റീനയുടെ ആക്രമണനിരയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല. നിശ്ചിത സമയത്തും ഇൻജുറി ടൈമിലും സ്പാനിഷ് ഗോൾ ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും അർജന്റീനയ്ക്കു നേടാനായില്ല. ലയണൽ മെസ്സിയെ ഫലപ്രദമായി മാർക്ക് ചെയ്ത സ്പെയിൻ, അദ്ദേഹത്തിന് പന്ത് ലഭിക്കാനുള്ള അവസരങ്ങൾ പോലും പരിമിതപ്പെടുത്തി.
ആദ്യ മിനിറ്റുകൾ മുതൽ തന്നെ സ്പെയിൻ ആക്രമണോത്സുകമായിരുന്നു. അഞ്ചാം മിനിറ്റിൽ ലമീൻ യമാലിന്റെ ഷോട്ട് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് രക്ഷപ്പെടുത്തി. പിന്നാലെ വന്ന മറ്റൊരു സ്പാനിഷ് നീക്കവും മാർട്ടിനസ് തടഞ്ഞു. വലത് വിങ്ങിലൂടെ യമാൽ തുടർച്ചയായി അർജന്റീന പ്രതിരോധത്തെ സമ്മർദത്തിലാക്കി.
റോഡ്രിയുടെ മധ്യനിര നിയന്ത്രണമാണ് സ്പെയിന്റെ കളിയുടെ പ്രധാന ശക്തിയായത്. പ്രതിരോധനിരയ്ക്ക് മുന്നിൽ നിന്ന് പന്ത് വിതരണം ചെയ്തതോടൊപ്പം അർജന്റീനയുടെ കൗണ്ടർ അറ്റാക്കുകളും അദ്ദേഹം ഫലപ്രദമായി തടഞ്ഞു. അതേസമയം, ഡാനി ഓൽമോയെ കടുത്ത മാർക്കിങ്ങിലൂടെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കാതിരിക്കാൻ അർജന്റീന ശ്രമിച്ചെങ്കിലും, സ്പാനിഷ് മധ്യനിരയുടെ ആധിപത്യം കുറയ്ക്കാൻ അതുകൊണ്ട് സാധിച്ചില്ല.
ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല. ലിസാൻഡ്രോ മാർട്ടിനസിന് മഞ്ഞക്കാർഡ് ലഭിക്കുകയും പിന്നീട് പരിക്കിനെ തുടർന്ന് കളം വിടേണ്ടിവരികയും ചെയ്തത് ടീമിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ സ്പെയിൻ ആക്രമണത്തിന്റെ വേഗം കൂട്ടി. 67-ാം മിനിറ്റിൽ യമാലിന്റെ ക്രോസിൽ നിന്നുള്ള ഫെറാൻ ടോറസിന്റെ ഹെഡർ എമിലിയാനോ മാർട്ടിനസ് തകർപ്പൻ സേവിലൂടെ തടഞ്ഞു. അവസാന നിമിഷങ്ങളിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളും മാർട്ടിനസിന്റെ മികവും സ്പെയിനിനെ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞു.
