തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; 66 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
തളിപ്പറമ്പ് : തളിപ്പറമ്പിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 66.224 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി അബ്ദുൽ ഫത്താഹ്, ചൊറുക്കള സ്വദേശി നിഹാൽ എന്നിവരാണ് പിടിയിലായത്.
കണ്ണൂർ ജില്ലയിലെ എം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിൽ നടന്ന രാത്രികാല പട്രോളിംഗിനിടെയാണ് പ്രതികൾ വലയിലായത്. വൻ തോതിൽ മയക്കുമരുന്ന് എത്തിച്ച് ചെറുകിട വിതരണക്കാർക്ക് കൈമാറുന്ന സംഘമാണിതെന്ന് സൂചനയുണ്ട്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്, പി.കെ. രാജീവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസ്, ടി.വി. വിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ കലേഷ്, ഡ്രൈവർ എം. പ്രകാശൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ലഹരി മാഫിയകൾക്കെതിരെ തളിപ്പറമ്പ് മേഖലയിൽ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
