Latestകേരളം

അനുവദിച്ചതിനേക്കാള്‍ കൂടതല്‍ പടക്കങ്ങളും വെടിമരുന്നും; പാറമേക്കാവിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്

തൃശൂർ : പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമയ്‌ക്കെതിരെ കേസ്. മുതലമട വെള്ളാരംകടവിലെ പടക്കനിര്‍മാണശാലയുടെ ലൈസന്‍സിയായ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്.ലൈസന്‍സില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിക്കുന്നതായി ചിറ്റൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. ചിറ്റൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. നിലവില്‍ പടക്കനിര്‍മാണശാല പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. തുടര്‍പരിശോധനകള്‍ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

പാറമേക്കാവിന് വേണ്ടി വെടിക്കെട്ട് നിര്‍മിക്കുന്ന മുതലമടയിലാണ് അനധികൃത വെടിമരുന്ന കണ്ടെത്തിയത്. 50 കിലോയുടെ വെടിമരുന്ന് സൂക്ഷിക്കാന്‍ അനുമതിയുള്ള പടക്ക നിര്‍മാണ ലൈസന്‍സി ബിനോയ് 500 കിലോയില്‍ അധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.

തിരുവമ്പാടി ദേവസ്വത്തിന്റെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് പാലക്കാട് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂ വകുപ്പും പൊലീസും പരിശോധന നടത്തിയത്. കോടതിയുടെ നിര്‍ദേശപ്രകാരം പടക്കനിര്‍മാണ ശാലയിലുള്ള വെടിമരുന്നുകളും മറ്റും നിര്‍വീര്യമാക്കാനും നിര്‍ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ എം. എസ് മാധവിക്കുട്ടി അറിയിച്ചു. ഇന്ന് രാവിലെയാണ് ചിറ്റൂര്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ മുതലമടയില്‍ പ്രവര്‍ത്തിക്കുന്ന പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മാണശാലയ്ക്ക് സ്റ്റോപ് മെമ്മോ നല്‍കിയത്.