റെയിൽവേ ടിക്കറ്റ് ബുക്കിംഗ്; പുതിയ റിസർവേഷൻ സംവിധാനം ഓഗസ്റ്റ് മുതൽ
റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രാലയം. നിലവിലുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതൽ ജനസൗഹൃദവും ആധുനികവുമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഓഗസ്റ്റ് മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കിത്തുടങ്ങും.
1986 മുതൽ റെയിൽവേ ഉപയോഗിച്ചുവരുന്ന പഴക്കമേറിയ പ്ലാറ്റ്ഫോമിനു പകരമായാണ് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളോടെയുള്ള പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്.
ടിക്കറ്റ് ബുക്കിംഗ് ശേഷി വർധിപ്പിക്കുക, ഉയർന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ യാത്രാക്ലേശം കുറയ്ക്കുക എന്നിവയാണ് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഈ റെയിൽവേ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരേസമയം ലക്ഷക്കണക്കിന് യാത്രക്കാർക്ക് തടസമില്ലാതെ വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
