Latestകേരളം

വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരം: വെള്ളറടയില്‍ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു; കൊലപാതകമെന്ന് സംശയം. അന്വേഷണം ആരംഭിച്ച്‌ പൊലീസ്.പൂഴനാട് പ്ലാവിള വീട്ടില്‍ 21കാരിയായ ഷംനയുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോള്‍ ഭാര്യ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നുവെന്ന് ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അല്‍ത്താഫ് പറയുന്നു.

ആശുപത്രിയിലേക്കു പോകാനായി ഷംനയെ ഓട്ടോറിക്ഷയില്‍ കയറ്റുന്നതിനിടെ ചെരുപ്പെടുക്കാൻ മുറിയില്‍ കയറിയപ്പോഴാണ് കട്ടിലിനടിയില്‍ രക്തം പുരണ്ട തുണി കണ്ടത്. ഇത് പരിശോധിച്ചപ്പോള്‍ തുണിക്കുള്ളില്‍ ചോരക്കുഞ്ഞായിരുന്നുവെന്ന് അല്‍ത്താഫ് പറയുന്നു. തുടർന്ന് കുട്ടിയെയും ഷംനയെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു. കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവുകള്‍ കണ്ടതിനെ തുടർന്ന് ഡോക്ടർ പൊലീസില്‍ വിവരം അറിയിച്ചു. ആര്യങ്കോട് പൊലീസ് അന്വേഷണം തുടങ്ങി.

ഭാര്യ ഗർഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് അല്‍ത്താഫ് പൊലീസിനോടു പറഞ്ഞത്. ഷംന പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റി. മൂന്നു വർഷം മുൻപായിരുന്നു അല്‍ത്താഫിന്റെയും ഷംനയുടെയും വിവാഹം. ഇവർക്ക് രണ്ടുവയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്.