വാൽപ്പാറ ദുരന്തത്തിന് ഇരകളായ ആറ് അധ്യാപകർ ഉൾപ്പെടെ ഒമ്പത് പേർക്ക് കണ്ണീരോടെ നാട് വിട ചൊല്ലി
മലപ്പുറം: വാൽപ്പാറ ദുരന്തത്തിന് ഇരകളായ ആറ് അധ്യാപകർ ഉൾപ്പെടെ ഒമ്പത് പേർക്ക് കണ്ണീരോടെ നാട് വിട ചൊല്ലി. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതു ദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാനായി ആയിരങ്ങൾ ഒഴുകിയെത്തുന്നതായിരുന്നു കാഴ്ച. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വിവിധയിടങ്ങളിൽ പൂർത്തിയായി.
മൂന്നു പള്ളികളിലായാണ് ഏഴു പേർക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. സ്കൂളിലെ പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തി തീരത്തും ആശയുടേത് കൊളത്തൂരിൽ വീട്ടുവളപ്പിലുമാണ് നടന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.
ഒരു നാട് കണ്ണീര് പുഴയായ കാഴ്ചയായിരുന്നു അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് കണ്ടത്. കണ്ണീരും വിലാപവും നിറഞ്ഞ ഒരു രാത്രി പിന്നിട്ട് പുലർച്ചെ ആയപ്പോഴേക്കും പാങ്ങ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ മൈതാനത്തേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പുലർച്ചെ വരേ നീണ്ട പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഒന്‍പതു പേരുടെയും ഭൗതികശരീരങ്ങളും വഹിച്ചുള്ള ആംബുലൻസുകൾ പുറപ്പെട്ടതായി പൊള്ളാച്ചിയിൽ നിന്ന് വിവരം കിട്ടിയപ്പോൾ മുതൽ തന്നെ പ്രിയപ്പെട്ടവരെ ഏറ്റുവാങ്ങാനായി നാട് തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ആരും പ്രേരിപ്പിക്കാതെ, ആരുടെയും നിർദ്ദേശത്തിന് കാത്തുനിൽക്കാതെ ജനക്കൂട്ടം വരിവരിയായി മൈതാനത്തിന്റെ ഓരം ചേർന്ന് നിന്നു.
