Latestകേരളം

തൃശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് മരണം

തൃശൂർ പൂരത്തിൽ അർധരാത്രി മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ കൂറ്റൻ ആൽമരം ഒടിഞ്ഞ് വീണ് രണ്ടു മരണം. 25 പേർക്ക് പരുക്കേറ്റു. മരിച്ചവർ രണ്ടു പേരും തിരുവമ്പാടി ദേശക്കാരാണ്.തൃശൂർ പൂച്ചെട്ടി സ്വദേശി രമേശ് , പൂങ്കുന്നം സ്വദേശി രാധാകൃഷ്ണൻ എന്നിവർ മരിച്ചു. ഇരുവരുടേയും തലയ്ക്കായിരുന്നു പരുക്ക്

തിരുവമ്പാടിയുടെ രാത്രി എഴുന്നള്ളിപ്പിനിടെയായിരുന്നു ദുരന്തം. ബ്രഹ്മസ്വം മഠത്തിന്റെ കൂറ്റൻ ആൽമരത്തിന്റെ ഒരു ഭാഗമാണ് ഒടിഞ്ഞു വീണത്.

ഈ സമയം രാത്രിയിലെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുകയായിരുന്നു. വാദ്യക്കാരുടേയും ദേശക്കാരുടേയും പൊലീസുകാരുടേയും ദേഹത്തേയ്ക്കാണ് മരം വീണത്. മരച്ചില്ലകൾക്കിടയിൽ കുടുങ്ങി കിടന്നവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.