Latestകേരളം

ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു.കോഴിക്കോട് കാരന്തൂര്‍ കല്ലറ നഗറില്‍ പരേതനായ ഗോപിനാഥന്റെ മകള്‍ ഗീതികയാണ് (17) മരിച്ചത്. ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വി ദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി നെടിയിരുപ്പ് മില്ലുംപടിയിലാണ് അപകടം. ഗീതികയും ബന്ധുവും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് യാത്രികരെ നാട്ടുകാര്‍ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഗീതികയെ രക്ഷിക്കാനായില്ല.

പുല്‍പറ്റ പൂക്കളത്തൂരിലെ അമ്മയുടെ വീട്ടില്‍ നിന്ന് ബന്ധു മിഥുന്റെ കൂടെ ബൈക്കില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഗീതിക. പരിക്കേറ്റ മിഥുന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു