സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടായിരിക്കും പ്രധാന വേദി. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഒക്ടോബര്‍ 24 മുതല്‍ 29 വരെ നടക്കുമെന്നായിരുന്നു. ഇതാണ് ഒരു ദിവസം മുന്നോട്ട് നീട്ടിയത്.
കായികമേളയുടെ സംഘാടക സമിതി യോഗം ഞായറാഴ്ച കോഴിക്കോട് ചേര്‍ന്നു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് യോഗം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ പറഞ്ഞ തീയതിയെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനെ കുറിച്ച് അറിയില്ലെന്നും തെറ്റുപറ്റിയതാവാമെന്നുമാണ് മന്ത്രി പറഞ്ഞത്.11 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോട് ജില്ല കായികമേളയ്ക്ക് ആതിഥ്യം വഹിക്കാന്‍ പോവുന്നത്. നേരത്തെ കായികമേള കണ്ണൂര്‍ ജില്ലയ്ക്ക് അനുവദിച്ചിരുന്നെങ്കിലും വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ചെറിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കോഴിക്കോടുള്ള സൗകര്യങ്ങള്‍ പരിഗണിച്ചാണ് ഇത്തവണ ജില്ലയെ വേദിയായി തെരഞ്ഞെടുത്തതെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതി ഉണ്ടെങ്കില്‍ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നും കഴിഞ്ഞ ദിവസം മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞിരുന്നു.
