Latestകേരളം

പാലാരിവട്ടം പൊലീസ് സ്റ്റേഷന്റെ ശുചിമുറിയുടെ ജനല്‍ വഴി പ്രതി ചാടിപ്പോയി

കൊച്ചി.പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ചാടിപ്പോയി.കൃത്യമായ രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് പിടിയിലായ ബംഗ്ലാദേശ് സ്വദേശി ഹദിയുള്ള ഖാനാണ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനല്‍പ്പാളി ഇളക്കി മാറ്റി രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി 8.15-ഓടെയായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായ സംഭവം.

അനധികൃത താമസക്കാരെ സ്റ്റേഷനിലെത്തിച്ച്‌ വിരലടയാളം ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഹദിയുള്ള ഖാൻ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ശുചിമുറിയില്‍ കയറിയ ഇയാള്‍ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതോടെ പൊലീസ് പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനല്‍പ്പാളി ഇളക്കിമാറ്റി പ്രതി രക്ഷപ്പെട്ടതായി കണ്ടെത്തിയത്. ചാടിപ്പോയ പ്രതിക്കായി നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്