Latestകേരളം

എനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടി,കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ച്‌ പി.പി ദിവ്യ

കണ്ണൂർ.തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പി.പി ദിവ്യ.തന്റെ തിരിച്ചുവരവ് പാർട്ടിയിലെ ചില നേതാക്കള്‍ തടയുന്നുവെന്നും ദിവ്യ കത്തില്‍ ആരോപിക്കുന്നു.

വിപുലീകരിച്ച ജില്ലാ കമ്മിറ്റിക്ക് മുന്നോടിയായാണ് കത്ത് നല്‍കിയത്.പി.കെ ശ്യാമളയ്ക്കെതിരെയും കത്തില്‍ ആരോപണമുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാരവാഹിത്വത്തില്‍ നിന്ന് തന്നെ മാറ്റിയത് പ്രതികാര നടപടിയാണെന്നാണ് ആരോപണം. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ സെന്ററില്‍ നിന്നും തന്നെ നീക്കി. സിപിഐഎം ജില്ലാ നേതൃത്വം പോലും അറിയാതെയാണ് ഇത് ചെയ്തതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു.

വിപുലീകരിച്ച ജില്ലാ കമ്മിറ്റിയില്‍ വിഷയം പരിഗണിക്കാതെ വന്നതോടെയാണ് ദിവ്യ കേന്ദ്രനേതൃത്വത്തെ സമീപിച്ചത്.അതേസമയം സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. എം എ ബേബി ദിവ്യയെ ഫോണില്‍ വിളിച്ചതായും വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്