75 പിന്നിട്ട വിരമിച്ച നാവികർക്ക് ആശ്വാസം: ഒരു ലക്ഷം വീതം ലഭിക്കും
കാസർകോട്: കപ്പൽ ജോലിയിൽ നിന്ന് വിരമിച്ച റേറ്റിംഗ് വിഭാഗത്തിലെ 75 വയസ്സ് പിന്നിട്ട മുഴുവൻ ജീവനക്കാർക്കും ഒരു ലക്ഷം രൂപ വീതം ഒറ്റത്തവണ ക്ഷേമാശ്വാസമായി നൽകാൻ മുംബൈ ആസ്ഥാനമായുള്ള സീഫെയറേഴ്സ് വെൽഫെയർ ഫണ്ട് സൊസൈറ്റിയുടെ കമ്മിറ്റി ഓഫ് മാനേജ്‌മെന്റ് യോഗം തീരുമാനിച്ചു. 2026 ജനുവരി ഒന്നിന് ശേഷം 75 പൂർത്തിയാകുന്നവർക്ക് മാത്രം എന്ന നിബന്ധനയോടെ ഈ ക്ഷേമാശ്വാസ തുക നൽകിവരുന്നതിനെതിരെ കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് സിഫെയറേഴ്സ് ഓഫ് ഇന്ത്യയും കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബും വിവിധ സംസ്ഥാനങ്ങളിലെ വിരമിച്ച നാവികരും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തെ തുടർന്നാണ് നിബന്ധനകളില്ലാതെ 75 പിന്നിട്ട എല്ലാവർക്കും ആനുകൂല്യം നൽകാൻ എസ്.ഡബ്ല്യു.എഫ്.എസ്. തീരുമാനിച്ചത്.
