Latestകേരളം

ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

കോഴിക്കോട്: പേരാമ്പ്രയില്‍ ജപ്തി നടപടിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ നടുവണ്ണൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ കേസെടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കിയതിനടക്കം രണ്ട് കേസുകളാണ് ബാലുശേരി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഗതാഗതം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 10 പേരുള്‍പ്പടെ 200ഓളം പേര്‍ക്കെതിരെയും പൊലീസ് ബാരിക്കേഡ് തകര്‍ത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിനെതിരെ കണ്ടാലറിയുന്ന 6 പേരുള്‍പ്പടെ 200ഓളം പേര്‍ക്കെതിരെയുമാണ് കേസ്.

കടം എഴുതി തള്ളണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ 10.30 മുതല്‍ ഉച്ചവരെ പേരാമ്പ്ര-കോഴിക്കോട് റോഡ് തടഞ്ഞ് കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം നടന്നത്. വായ്പാ കുടിശ്ശിക എഴുതിത്തള്ളാമെന്നും ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാമെന്നും ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.