Latestദേശീയം

നോക്കാന്‍ ആളില്ല’; ആന്ധ്രാപ്രദേശില്‍ പ്രായമായ അമ്മയും മകളും ജീവനൊടുക്കി

അമരാവതി: ആന്ധ്രാപ്രദേശിലെ ഡോ. ബി. ആര്‍. അംബേദ്കര്‍ കോനസീമ ജില്ലയില്‍ അമ്മയും മകളും ജീവനൊടുക്കി. തന്റെ മരണശേഷം 80 വയസ്സുള്ള അമ്മയെ പരിചരിക്കാന്‍ ആരുമില്ലെന്ന ആശങ്കയെത്തുടര്‍ന്ന് അമ്മയും മകളും കനാലിൽ ചാടി ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്.

അമ്മ വടപള്ളി ബുറമ്മ(80)യും മകളായ സൂര്യവതി(56)യും ആണ് മരിച്ചത്. റാവുലപാലം മണ്ഡലത്തിലെ ഗ്രാമത്തിന് സമീപമാണ് സംഭവം. കനാലില്‍ നിന്നും സൂര്യവതിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ബുറമ്മയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.ഞായറാഴ്ച രാവിലെ പള്ളിയില്‍ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് മീസാല സൂര്യവതിയും അമ്മ വടപള്ളി ബുറമ്മയും വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്തേശ്വരം പ്രധാന കനാലിന് കുറുകെയുള്ള പാലത്തില്‍ ഇവരുടെ ബൈബിളും വ്യക്തിഗത വസ്തുക്കളും കണ്ടെത്തിയത്. ഇരുവരും വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കിയതാവാമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വര്‍ഷങ്ങളായി നിരവധി പ്രശ്‌നങ്ങള്‍ സൂര്യവതി നേരിട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ പ്രായമായ അമ്മ ഇവരോടൊപ്പം താമസിക്കാന്‍ എത്തിയിരുന്നു. കാഴ്ചക്കുറവ് ഉള്‍പ്പെടെയുള്ള വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ബുറമ്മയെ അലട്ടിയിരുന്നതായും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.