അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി കെവി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്, ഒന്‍പതാം പ്രതി മനോഹരന്, പത്താം പ്രതി ദിനേശന്, പന്ത്രണ്ടാം പ്രതി ബിജു, പതിനഞ്ചാം പ്രതി ഷിജിന് മോഹന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. നേരത്തെ പ്രതികളായ സിപിഎം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടിരുന്നു. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു
എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. പതിനാലുവര്‍ഷത്തിനുശേഷമാണ് വിധി. കേസില്‍ 18 പേരെയാണ് വെറുതേ വിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകനായ പത്തൊന്‍പതാം പ്രതി ശ്യാംജിത്തും വെറുതെ വിട്ടവരില്‍ ഉള്‍പ്പെടുന്നു. ഒന്നാം പ്രതി കെവി സുമേഷ് ഉള്‍പ്പെടെ 13 പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വച്ച് പി ജയരാജനും ടിവി രാജേഷും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.
കേസില്‍ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, പ്രതികള്‍ക്കെതിരെ പൊലീസില്‍ മൊഴി നല്കിയ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. 2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്കയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.
