മഹാരാഷ്ട്രയിൽ മലയാളി വയോധികയെ കൊലപ്പെടുത്തി കവർച്ച നടത്തിയ യുവാവ് പിടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ ഖൊപ്പോളിയിൽ മലയാളി വയോധികയെ കൊലപ്പെടുത്തി കവർച്ച നടത്തിയ യുവാവ് പിടിയിൽ. നേപ്പാൾ സ്വദേശി യഷ് ഥാപ്പെയാണ് ഗോവയിൽ നിന്നും പിടിയിലായത്. ഒരാഴ്ച്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരി മരുന്നിന് അടിമയായ പ്രതി പണത്തിനായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. മക്കളെല്ലാം വിദേശത്തായതിനാൽ 71 കാരി മഹേശ്വരി രാമചന്ദ്രൻ ഒറ്റക്കായിരുന്നു ഫ്ലാറ്റിൽ താമസം. ഇവരുടെ ഫ്ലാറ്റിന് സമീപം തന്നെ താമസിച്ചിരുന്ന പ്രതി കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. മൂന്നരലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ മാസം 11 നാണ് മഹേശ്വരിയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
