Latestകേരളം

കസ്റ്റഡി മർദ്ദനം: യൂത്ത് കോൺഗ്രസ് നേതാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തൃശ്ശൂർ: പൊലീസിന്റെ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ.എച്ച്.ആർ.സി.) സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. മുൻ പാർലമെന്റ് അംഗം വിഎം സുധീരൻ സമർപ്പിച്ച പരാതിയിന്മേലാണ് കമ്മീഷന്റെ ഈ നിർണ്ണായക നടപടി.

സുജിത്ത് കടുത്ത ശാരീരിക മർദ്ദനത്തിനും പീഡനത്തിനും ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീരൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കമ്മീഷൻ, നടപടിക്രമങ്ങളുടെ ഭാഗമായി ഇരയായ വ്യക്തിക്ക് 50,000 രൂപ ധനസഹായം നൽകാൻ ശുപാർശ ചെയ്യുകയായിരുന്നു. വിഷയം വിശദമായി പരിശോധിച്ച സർക്കാർ, ഇതുമായി ബന്ധപ്പെട്ട ചെലവുകൾ നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിലെ ‘2075-00-800-15-NP(C)’ എന്ന അക്കൗണ്ട് ഹെഡിൽ നിന്ന് വഹിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്