കണ്ണൂര്‍ പഴയങ്ങാടിയില്‍ കെ.സി.വേണുഗോപാലിന്റെ ചിത്രത്തില്‍ കരിഓയില്‍ ഒഴിച്ചു
കണ്ണൂർ യുഡിഎഫിന്റെ സംസ്ഥാനത്തെ വൻ വിജയത്തിന് പിന്നാലെ കണ്ണൂർ പഴയങ്ങാടിയില്‍ സ്ഥാപിച്ച ഫ്ളക്സ് ബോർഡിലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ചിത്രത്തിന് നേരെ കരിഓയില്‍ പ്രയോഗം.
മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് പാർട്ടിയില്‍ തർക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഫ്ളക്സ് ബോർഡില്‍ കെ.സി. വേണുഗോപാലിന്റെ മുഖത്ത് മാത്രമാണ് കരിഓയില്‍ ഒഴിച്ചിട്ടുള്ളത്.
സമാധാനാന്തരീക്ഷം തകർക്കാതിരിക്കാനുള്ള മുൻകരുതലെന്ന നിലയില്‍ പോലീസ് ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവർത്തകർ തന്നെയാണോ അതോ സാഹചര്യം മുതലെടുക്കാൻ മറ്റ് രാഷ്ട്രീയ പാർട്ടികള്‍ ശ്രമിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തും സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
