റീല്‍ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിര്‍ത്തിച്ചു; കണ്ണൂരില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കണ്ണൂരില്‍ റീല്‍ ചിത്രീകരിക്കുന്നതിനായി റെഡ് സിഗ്നല്‍ കാട്ടി ട്രെയിൻ നിർത്തിച്ച രണ്ട് പ്ലസ് ടു വിദ്യാർത്ഥികള്‍ക്കെതിരെ റെയില്‍വേ പൊലിസ് കേസെടുത്തു. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലുള്ള ട്രാക്കിലായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
എറണാകുളത്ത് നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ഓഖ എക്സ്പ്രസ് ആണ് വിദ്യാർത്ഥികള്‍ തടഞ്ഞത്. ട്രെയിൻ വരുന്ന സമയം നോക്കി ട്രാക്കില്‍ കയറി നിന്ന് റെഡ് ലൈറ്റ് കാണിക്കുകയായിരുന്നു. ദൂരെ നിന്ന് ചുവന്ന സിഗ്നല്‍ ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ്, ട്രാക്കില്‍ എന്തോ അപകടമുണ്ടെന്ന് കരുതി ട്രെയിൻ അടിയന്തരമായി ബ്രേക്ക് ഇട്ട് നിർത്തുകയായിരുന്നു. എന്നാല്‍ ട്രെയിൻ നിന്ന ഉടൻ തന്നെ വിദ്യാർത്ഥികള്‍ മൊബൈല്‍ ക്യാമറയുമായി ദൃശ്യങ്ങള്‍ പകർത്തി.
പെട്ടെന്നുണ്ടായ ഈ സിഗ്നല്‍ മാറ്റത്തെക്കുറിച്ച് റെയില്‍വേ അധികൃതർക്ക് സംശയം തോന്നിയതോടെ റെയില്‍വേ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥികളെ സാഹസികമായാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടു.
അപകടകരമായ രീതിയില്‍ ട്രെയിൻ തടഞ്ഞതിനും റെയില്‍വേ ഗതാഗതം തടസ്സപ്പെടുത്തിയതിനും റെയില്‍വേ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും ഇത്തരം പ്രവൃത്തികള്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലിസ് മുന്നറിയിപ്പ് നല്കി.
