അവിഹിത ബന്ധമുണ്ടെന്ന് സംശയം; അമ്മയെ കൊന്നു കത്തിച്ച് മകൻ, കൂട്ട് നിന്ന പിതാവും അറസ്റ്റില്‍
മംഗളുരു.കർണാടകയിലെ ജയപുര കെ. മദഹള്ളിയില്സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളയാൻ ശ്രമിച്ച കേസില്‍ ഭർത്താവും മകനും ഉള്‍പ്പെടെ നാല് പേരെ ജയപുര പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് നഞ്ചുണ്ട, മകൻ ശിവരുദ്രപ്പ(29), ബന്ധുക്കളായ അഭി(22), ആകാശ്(20) എന്നിവരാണ് അറസ്റ്റിലായത്ത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. സുധ (48) ആണ് കൊല്ലപ്പെട്ടത്.
അജ്ഞാത വ്യക്തിയില്‍നിന്ന് തനിക്ക് ഫോണ്‍ സന്ദേശം ലഭിച്ചതായി മൈസൂരു പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി തന്റെ ഓഫിസില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മകൻ മാതാവിനെ കൊലപ്പെടുത്തി മൃതദേഹം രഹസ്യമായി കത്തിച്ചുവെന്നാണ് അയാള്‍ പറഞ്ഞത്. ജയപുര സബ് ഇൻസ്പെക്ടറോട് ഉടൻ സ്ഥലം സന്ദർശിക്കാൻ നിർദ്ദേശിച്ചു.
കൊല്ലപ്പെട്ടയാളുടെ വീട് സന്ദർശിച്ച് പരിശോധിച്ചപ്പോള്‍ രക്തക്കറകള്‍ കണ്ടെത്തി. ശിവരുദ്രപ്പയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മാതാവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചതിനാല്‍ കൊലപ്പെടുത്തിയതായി അയാള്‍ സമ്മതിച്ചു. മൂന്ന് മാസം മുമ്പ്, സുധ അപരിചിതനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ ആരോ പകർത്തിയതായും തുടർന്ന് ശിവരുദ്രപ്പ അവർക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കാൻ തുടങ്ങിയതായും എസ്.പി പറഞ്ഞു.
മൈസൂരു ജെ.പി. നഗറിലെ വീട്ടിലേക്ക് അടുത്തിടെ താമസം മാറിയ ശിവരുദ്രപ്പ ഞായറാഴ്ച രാവിലെ ഗ്രാമത്തിലെത്തി സുധയെ നേരിട്ടു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തില്‍ കോപാകുലനായ ശിവരുദ്രപ്പ സുധയുടെ തലയില്‍ വടികൊണ്ട് അടിച്ചു. സുധ സഹായത്തിനായി നിലവിളിച്ചതോടെ സമീപത്ത് താമസിക്കുന്ന അവരുടെ മാതാവ് കെമ്പമ്മ സഹായത്തിനെത്തി. ഇതോടെ ശിവരുദ്രപ്പ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
അതേസമയം അഭിയും ആകാശും ഗുരുതരമായി പരിക്കേറ്റ സുധയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ അവർ മരിച്ചു. തുടർന്ന് അവർ ഫോണില്‍ വിളിച്ച് വിവരം ശിവരുദ്രപ്പയേയും നഞ്ചുണ്ടയ്യയേയും അറിയിച്ചു.കണിയാനഹുണ്ടിയിലേക്ക് പോകുന്ന റോഡരികിലുള്ള അവരുടെ കൃഷിയിടത്തിലേക്ക് ട്രാക്ടറില്‍ വിറക് കൊണ്ടുപോയി, സുധയുടെ മൃതദേഹം കത്തിച്ചു. വൈകിട്ട് പൊലീസ് സ്ഥലത്തെത്തിയപ്പോഴും മൃതദേഹം കത്തിക്കൊണ്ടിരുന്നു. പൊലീസ് തീ അണച്ച് സുധയുടെ തലയോട്ടിയും അസ്ഥികളും ശേഖരിച്ചു.
സുധയുടെ താലിയും കമ്മലുകളും പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. കേസിലെ പ്രധാന പ്രതിയായ ശിവരുദ്രപ്പയാണ് സുധയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കാൻ ഭർത്താവും മറ്റ് രണ്ട് ബന്ധുക്കളും സഹായിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
