സഹോദരിമാരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്
വയോധികരായ സഹോദരിമാരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്.സഹോദരൻ പ്രമോദി (62)നുവേണ്ടി ചേവായൂർ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ശനിയാഴ്ച മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ശനിയാഴ്ച രാവിലെയാണ് വേങ്ങേരി തടമ്ബാട്ടുതാഴം ഫ്ലോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന നടക്കാവ് മൂലൻകണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇളയ സഹോദരൻ പ്രമോദ് സുഹൃത്തിനെയും ബന്ധുവിനെയും ഫോണില്‍ വിളിച്ച് സഹോദരിമാർ മരിച്ചെന്ന് അറിയിക്കുകയായിരുന്നു.
ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോള്‍ ഇരു സഹോദരിമാരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കഴുത്തുഞെരിച്ചാണ് മരണമെന്ന് വെളിപ്പെട്ടിരുന്നു.
