ഐ.എഫ്.ഐ 2022-ലെ മികച്ച സിനിമ, നടൻ, നടി എന്നിവ പ്രഖ്യാപിച്ചു.

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എഫ്.ഐ) 2022-ലെ മികച്ച സിനിമ, നടൻ, നടി എന്നിവ പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര, സഞ്ജയ് ലീലാ ബൻസാലിയുടെ ​ഗം​ഗുഭായ് കഠിയാവാഡി എന്നിവയാണ് ടോപ്പ് റേറ്റഡ് ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രിയായ ഛെല്ലോ ഷോ, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

പട, അറിയിപ്പ്, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബൻ ടോപ്പ് റേറ്റഡ് നടനായി. കാന്താരയിലെ പ്രകടനത്തിലൂടെ റിഷബ് ഷെട്ടി രണ്ടാമതെത്തി. മാധവൻ, കമൽ ഹാസൻ, വിജയ് സേതുപതി എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. നടിമാരിൽ ആലിയാ ഭട്ടിനാണ് ഒന്നാം സ്ഥാനം. സായി പല്ലവി, ദീപികാ പദുക്കോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

ചലച്ചിത്ര നിരൂപകരായ ആറം​ഗസമിതിയാണ് സിനിമകൾക്കും നടീ നടന്മാർക്കുമുള്ള റേറ്റിങ് നിശ്ചയിച്ചത്. ആറ് സംസ്ഥാനങ്ങളെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. ക്രിസ്റ്റഫർ ഡാൾട്ടൺ (കേരളം), ഭരദ്വാജ് രം​ഗൻ (തമിഴ്നാട്), എം.കെ. രാ​ഘവേന്ദ്ര (കർണാടക), മുർത്താസ അലി ഖാൻ (ഡെൽഹി), ഉത്പൽ ദത്ത (അസം), സ്വപൻ മല്ലിക് (പശ്ചിമ ബം​ഗാൾ) എന്നിവരാണ് ജൂറിയം​ഗങ്ങൾ.

“ഐ.എഫ്.എഫ്.ഐ മുൻ തലവൻ മനോജ് ശ്രീവാസ്തവ, ചലച്ചിത്ര നിരൂപകൻ സൈബാൾ ചാറ്റർജി എന്നിവർ ചേർന്നാണ് ഐ.എഫ്.ഐ രൂപീകരിച്ചത്. മൂന്ന് വിഭാ​ഗങ്ങളിൽ മാത്രമാണ് ഇവർ റേറ്റിങ് നൽകാറുള്ളത്. രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള 41 ഫീച്ചർ ഫിലിമുകളാണ് റേറ്റിങ്ങിനായി പരി​ഗണിക്കാറുള്ളത്.