പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ സ്വീകരിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിൽ നിന്നാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.

‘എയിംസിൽ നിന്ന് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും അതിവേഗത്തിൽ പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം’ – മോദി ട്വീറ്റ് ചെയ്തു.

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് ഇന്നുമുതൽ വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്.