എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നത്തിൽ സർക്കാരിന്റേത് നിഷേധാത്മക നിലപാടെന്ന് ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന് നിഷേധാത്മക നിലപാടാണെന്ന് സാമൂഹിക പ്രവർത്തക ദയാബായി. സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന നിരാഹാര സമരത്തിന്‍റെ ഒൻപതാം ദിവസം നിരവധി പേരാണ് ദയാബായിയെ പിന്തുണച്ച് രംഗത്തെത്തിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, എം.എം.ഹസൻ തുടങ്ങിയവർ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. കെ.ജെ ബേബി ഏകാംഗ നാടകം അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം നടൻ അലൻസിയറും സമരപന്തലിൽ എത്തിയിരുന്നു.

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരവസ്ഥയിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ദയാബായിയുടെ പോരാട്ടം. ദുരിതബാധിതർക്കായി പ്രതിദിന പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, എയിംസ് നിർദ്ദേശത്തിൽ കാസർകോടിനെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നിരാഹാര സമരം ഒൻപതാം ദിവസം പിന്നിടുമ്പോഴും ചർച്ചയ്ക്ക് വഴിയില്ല. നൂറുകണക്കിന് കോളേജ് വിദ്യാർത്ഥികളും പിന്തുണയുമായി രംഗത്തുണ്ട്.