ഓൺലൈനായി വോട്ടിംഗ് യന്ത്രം വാങ്ങി ഹാക്കർ; അമ്പരന്ന് ഉദ്യോഗസ്ഥർ

മിഷിഗൺ: ഉപ്പ് മുതൽ കർപ്പൂരം വരെ എല്ലാം ഓൺലൈനിൽ കിട്ടുമെന്ന് നമ്മൾ തമാശയായി പറയാറുണ്ട്. എന്നാൽ, ഓൺലൈനിൽ വോട്ടിംഗ് മെഷീൻ വാങ്ങിയെന്ന് കേട്ടാലോ? ഇവിടെ എവിടെയും ഇല്ല. മിഷിഗണിലാണ് സംഭവം. ഹാരി ഹർസ്റ്റർ എന്ന ഹാക്കർ ആണ് ഓൺലൈനിൽ വോട്ടിംഗ് മെഷീൻ വാങ്ങിയത്.

കഴിഞ്ഞ മാസമാണ് ഓൺലൈൻ പ്ലാറ്റ്ഫോമായ ഇ-ബേ വഴി ഇയാൾ വോട്ടിംഗ് യന്ത്രം ഓർഡർ ചെയ്ത് വാങ്ങിയത്. 200 ഓളം വോട്ടിംഗ് മെഷീനുകൾ ഓൺലൈനായല്ലാതെ ഇയാൾ വാങ്ങിയിട്ടുണ്ട്. പക്ഷേ, വോട്ടിംഗ് മെഷീൻ എങ്ങനെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വില്പനയ്ക്ക് എത്തി എന്നതാണ് ഇപ്പോൾ പൊലീസിനെ കുഴപ്പിച്ചിരിക്കുന്നത്. നവംബറിൽ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇതിനെ അതീവ ഗൗരവതരമായാണ് ഉദ്യോഗസ്ഥർ നോക്കിക്കാണുന്നത്.

ഓൺലൈനിൽ വാങ്ങിയ വോട്ടിംഗ് യന്ത്രം യഥാർത്ഥത്തിൽ വെക്സ്ഫോർഡ് കൗണ്ടിയിൽ നിന്നുള്ളതാണെന്നും ബാലറ്റുകൾ പട്ടികപ്പെടുത്താൻ ഉപയോഗിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഡൊമിനിയൻ നിർമ്മിത ഉപകരണങ്ങൾ വോട്ടിംഗ് മെഷീനുകളോ ബാലറ്റ് പ്രിന്റിംഗ് ഉപകരണങ്ങളോ ആയി പ്രവർത്തിക്കാൻ നിർമ്മിച്ചതാണ്. മിഷിഗണിൽ, വോട്ടർ ബാലറ്റുകൾ അച്ചടിക്കാൻ അവ ഉപയോഗിച്ചിരുന്നു.