സുധാകരൻ രാജി സന്നദ്ധത അറിയിച്ചെന്നത് തെറ്റായ വാർത്ത; വി ഡി സതീശന്‍

തിരുവനന്തപുരം: രാജി സന്നദ്ധത അറിയിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്നത് ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിസന്ധിയിലായ സംസ്ഥാന സർക്കാരിനെ രക്ഷിക്കാനായി ഡൽഹിയിൽ നിന്ന് വ്യാജ വാർത്തകൾ നൽകുകയാണെന്നും സതീശൻ പറഞ്ഞു.

“ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയാണത്. കത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ സുധാകരന്‍ പരാമര്‍ശം നടത്തിയെന്ന നുണ വരെ അടിച്ചുവിടുകയാണ്. രണ്ടാഴ്ച മുമ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സീതാറാം യെച്ചൂരി ഫോണില്‍ വിളിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചുവെന്ന തെറ്റായ വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് വന്നു. പിന്നീട് അതിനെ കുറിച്ച് ഒരു വിവരവുമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ ഓഫീസില്‍ നിന്ന് തന്നെ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് മനഃപൂര്‍വ്വമായിട്ട് ചെയ്യുന്നതാണ്. പ്രതിക്കൂട്ടിലായ സര്‍ക്കാരിനെ രക്ഷപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം.” സതീശൻ പറഞ്ഞു.

“തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കാന്‍ നോക്കരുത്. ആര്‍എസ്എസിനെ സംബന്ധിച്ചിട്ടുള്ള കെ.സുധാകരന്റെ പ്രസ്താവനയില്‍ താനടക്കമുള്ള നേതാക്കളും ദേശീയ നേതാക്കളും പ്രതികരണം നടത്തിയിട്ടുണ്ട്. തനിക്ക് പറ്റിയ നാക്കുപിഴയാണെന്ന് സുധാകരനും പറഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിന്റെ വിശദീകരണം പാര്‍ട്ടി സ്വീകരിച്ചു. ഗൗരവത്തോട് കൂടിയാണ് സുധാരകരന്റെ പ്രസ്താവനയെ പാര്‍ട്ടി കണ്ടത്. അതില്‍ വിശദീകരണം തേടിയതും അതേ ഗൗരവത്തിലാണ്.” വി ഡി സതീശൻ കൂട്ടിച്ചേർത്തു.