സുരക്ഷ തീർക്കാൻ 66,303 പോലീസുകാർ; 62 കമ്പനി കേന്ദ്രസേന

വോട്ടെടുപ്പിന് 66,303 സുരക്ഷ ഉദ്യോഗസ്ഥർ. കേരള പോലീസിന് പുറമേ കേന്ദ്ര സേനയും ഉണ്ടാകും. 13,272 സ്ഥലത്തെ 25,231 ബൂത്തുകളിൽ പോലീസിനെ വിന്യസിക്കും.

നോഡൽ ഓഫീസർ എഡിജിപി എം ആർ അജിത്ത് കുമാർ, അസി. നോഡൽ ഓഫീസർ ഐ ജി ഹർഷിത അട്ടല്ലൂരി എന്നിവരുടെ നേതൃത്വത്തിൽ 20 മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ് ഡിവിഷനുകളാക്കി ഓരോന്നിന്റെയും ചുമതല ഡി വൈ എസ് പി അല്ലെങ്കിൽ എസ് പിമാർക്കാണ്.

62 കമ്പനി സെൻട്രൽ ആംഡ് പോലീസ് ഫോഴ്സും ഉണ്ടാകും. പ്രശ്ന ബാധിത പോളിങ് സ്റ്റേഷനുകളിൽ കേന്ദ്രസേന ഉൾപ്പെടെ അധിക സേനയെ വിന്യസിച്ചിട്ടുണ്ട്.

ഓരോ പോലീസ് സ്റ്റേഷന് കീഴിലും ക്രമസമാധാന പാലനത്തിനായി രണ്ട് വീതം പട്രോൾ ടീമുകളെ സജ്ജമാക്കി. തിരഞ്ഞെടുപ്പ് ദിവസം ദ്രുതകർമസേന എല്ലാ പോലീസ് സ്റ്റേഷനുകളിലും ഉണ്ടാകും.

മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പെടുത്തിയാണ് സുരക്ഷ ക്രമീകരണം. പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളാക്കി ഗ്രൂപ്പ് പട്രോളിങ്ങും നടത്തും.