ബാരാപ്പോൾ പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്‌റ്റ് ഭീഷണിയുണ്ടെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നത പോലീസ് സംഘം പദ്ധതിയിലെത്തി പരിശോധന നടത്തി. ഡി ഐ ജി തോംസൺ ജോസഫ്, കണ്ണൂർ റൂറൽ എസ് പി എം. ഹേമലത, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പദ്ധതി പ്രദേശത്ത് പരിശോധനക്കെത്തിയത്.

വായനാട്ടിൽ നിന്നും നേരത്തെ പിടിയിലായ മാവോയിസ്‌റ്റ് സംഘങ്ങളിൽ നിന്നാണ് ബാരാപോളിന് ഭിഷണിയുണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഇതിനെത്തുടർന്ന് ഉന്നത തല പോലീസ് സംഘം മാസങ്ങൾക്ക് മുൻമ്പ് മേഖലയിൽ രഹസ്യ സന്ദർശനം നടത്തുകയും പദ്ധതി പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കുകയും ചെയ്തിരുന്നു. പിന്നാലെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രഞ്ച് സംഘവും പ്രദ്ധതി പ്രദേശത്ത് എത്തി വിശദമായ പരിശോധന നടത്തിയിരുന്നു.

തുടർന്ന് പുറമേനിന്നുള്ളവർക്ക് കടന്നു കയറാൻ കഴിയുന്നിടങ്ങളിലും പ്രധാന പ്രവേശന കവാടത്തിലും ഉൾപ്പെടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി 21ഓളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. പുറമെ നിന്നുള്ള സന്ദർശകരെ പൂർണ്ണമായും ഒഴിവാക്കുന്നതിന് 24 മണിക്കൂറും സെക്യൂരിററി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

മാവോയിസ്റ്റുകൾക്ക് എളുപ്പം കടന്നു വരാനും കേന്ദ്രീകരിക്കാനും കഴിയുന്ന മേഖല
ബാരാപ്പോൾ മിനി ജലവൈദ്യുതി പ്രദേശം മാവോയിസ്റ്റുകൾക്ക് വിവിധ വഴികളിലൂടെ എളുപ്പം കടന്നുവരാനും കേന്ദ്രീകരിക്കാനും കഴിയുന്ന മേഖലയാണ്. കർണ്ണാടകയുടെ ബ്രഹ്മഗിരി വനമേഖലകളിൽ നിന്നും കേരളത്തേയും കർണ്ണാടകത്തെയും വേർതിരിച്ച് അതിരിട്ടൊഴുകുന്ന ബാരാപ്പുഴയാണ് ബാരാപ്പോൾ മിനി ജലവൈദ്യുതപദ്ധതിയുടെ ജലസ്ത്രോതസ്സ്.

ബ്രഹ്മഗിരി വന്യജീവി സങ്കേത്തതോടും വനം വകുപ്പ് കണ്ണൂർ ഡിവിഷനിലെ കൊട്ടിയൂർ വന്യജീവി സങ്കേതത്തോടും ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി പ്രദേശം അതിരിടുന്നു. ആറളം , കൊട്ടിയൂർ വനമേഖലകളിൽ കേന്ദ്രീകരിക്കുന്ന മാവോയിസ്‌റ്റുകൾക്കും ചുകപ്പ് ഇടനാഴിയെന്നറിയപ്പെടുന്ന ബർണ്ണാനി വനമേഖലയിൽ നിന്നും ഇവർക്ക് എളുപ്പത്തിൽ കേന്ദ്രീകരിക്കാൻ കഴിയുന്ന പ്രദേശം എന്ന നിലയിലും അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്.
കഴിഞ്ഞ മാസം അയ്യൻകുന്ന് ഉരുപ്പുംകുറ്റി മലയിൽ മാവോയിസ്റ്റുകളും തണ്ടർബോർട്ട് സംഘവുമായി ഏറ്റുമുട്ടൽ ഉണ്ടായി എന്ന് പറയപ്പെടുന്ന പ്രദേശത്തോട് ചേർന്ന മേഖലയാണിത്.

പാരിസ്ഥിതിക പ്രശ്ങ്ങളോ അണക്കെട്ട് സംവിധാനങ്ങളോ ഇല്ലാതെ ട്രഞ്ച് വിയർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജല വൈദ്യുത പദ്ധതിയാണിത്. ബാരാപോളിന്റെ മൂന്ന് കിലോമീറ്ററോളം വരുന്ന കനാൽ പ്രദേശം അതീവ സുരക്ഷ വേണ്ട മേഖലയാണ്. നേരത്തെ ഇവിടേക്ക് യഥേഷ്ടം ആർക്കും കടന്നു ചെല്ലാനും പദ്ധതിയോട് ചേർന്നുള്ള പുഴയിൽ നിന്നും മീൻ പിടിക്കുന്നതിനും കുളിക്കുന്നതിനും മറ്റും കഴിയുമായിരുന്നു. ഇപ്പോൾ മേഖല പൂർണ്ണമായും സന്ദർശന നിരോധിത മേഖലയായി മാറിക്കഴിഞ്ഞു.