ആരും വിശന്നിരിക്കേണ്ട; വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പി മാതൃകയായി സ്കൂൾ

Murikkatukudy: രാവിലെ ഒഴിഞ്ഞ വയറുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പുകയാണ് ഒരു സ്കൂൾ. മുരിക്കാട്ടുകുടി ട്രൈബൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകിയ ശേഷം ക്ലാസുകൾ ആരംഭിക്കുന്നത്.

പ്രൈമറി വിദ്യാർത്ഥി ഛർദിച്ചതിനെ തുടർന്ന് ശുശ്രൂഷ നൽകാനെത്തിയ ഗണിതാധ്യാപികയായ ലിൻസി ടീച്ചർ രാവിലെ ഒന്നും കഴിക്കാതെയാണ് കുട്ടി സ്കൂളിലെത്തിയതെന്ന് മനസിലാക്കുകയായിരുന്നു. ശേഷം ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്ലസ് ടു തലം വരെ ഇത്തരത്തിൽ വിശന്നെത്തുന്ന കുട്ടികളുണ്ടെന്നും വ്യക്തമായി.

പ്രധാനാധ്യപകനായ ശിവകുമാർ, പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പിള്ളി എന്നിവർ ചേർന്ന് കുട്ടികൾക്ക് പ്രഭാതഭക്ഷണമൊരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു.
96 ബാച്ചിലെ സ്നേഹവലയം എന്ന കൂട്ടായ്മയും, പദ്ധതിക്കൊപ്പം നിന്നു. 150 ലേറെ കുട്ടികൾക്കാണ് ഭക്ഷണം നൽകുന്നത്. 9:30 ന് ഭക്ഷണം നൽകി 10:30 നായിരിക്കും സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നത്.