രാജ്ഭവൻ ക്രിസ്മസ് വിരുന്ന്; ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്ഷണം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിരസിച്ചു. ഡിസംബർ 14ന് ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരെ ഗവർണർ ക്ഷണിച്ചിരുന്നുവെങ്കിലും അവരെല്ലാം ക്ഷണം നിരസിച്ചു. 14ന് വൈകീട്ട് അഞ്ചിന് രാജ്ഭവനിലാണ് വിരുന്ന്. നാളെ വൈകിട്ട് ഡൽഹിക്ക് പോകുമെന്നും പങ്കെടുക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്. കഴിഞ്ഞ തവണ മതനേതാക്കളെ മാത്രമാണ് വിരുന്നിന് ക്ഷണിച്ചിരുന്നത്.

ഗവർണറുമായുള്ള തർക്കത്തെ തുടർന്ന് സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭയുടെ പരിഗണനയിലാണ്. ബിൽ പാസാകുന്നതിന്‍റെ അടുത്ത ദിവസമാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്മസ് വിരുന്നിന് ഗവർണർ ക്ഷണിച്ചത്.