‘നായക കഥാപാത്രം പങ്കുവെച്ചത് പ്രാകൃത ചിന്ത’; കടുവയ്ക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൃഥ്വിരാജിന്‍റെ ‘കടുവ’യിലെ വിവാദ രംഗത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭിന്നശേഷിക്കാരായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കൾ ചെയ്ത തെറ്റുകളുടെ ഫലമാണെന്ന് സിനിമയിൽ പറയുന്നത് പ്രാകൃത ചിന്തയാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. സിനിമ എന്ന മാധ്യമം ഉപയോഗിച്ച് അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും വീണ്ടും പ്രചരിപ്പിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ചെന്നിത്തല പറഞ്ഞു. പൃഥ്വിരാജും ‘കടുവ’യുടെ സംവിധായകൻ ഷാജി കൈലാസും വിവാദത്തിൽ ക്ഷമാപണം നടത്തിയിരുന്നു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം; ‘കടുവ’ എന്ന ചിത്രത്തിലെ ഒരു രംഗവും സംഭാഷണവും എന്‍റെ ഹൃദയത്തെ വേദനിപ്പിച്ചു. മാതാപിതാക്കൾ ചെയ്ത തെറ്റുകളുടെ ഫലമായി തങ്ങളുടെ മക്കൾ ഭിന്നശേഷിക്കാരാകുന്നു എന്ന പ്രാകൃത ചിന്ത നായകകഥാപാത്രത്തിലൂടെ സിനിമയിൽ പങ്കുവയ്ക്കപ്പെട്ടത് ഖേദകരമാണ്. ഒരുപക്ഷേ, ഭിന്നശേഷിക്കാരായ കുട്ടികളെ വളരെ അടുത്ത് അറിയാനും അവരുടെ മാതാപിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്താനും എനിക്ക് കഴിഞ്ഞതുകൊണ്ടായിരിക്കാം എനിക്ക് ആ രംഗം ഉൾക്കൊള്ളാൻ കഴിയാതിരുന്നത്.

എന്‍റെ പൊതു ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ നിമിഷം എനിക്ക് നൽകുന്നത് ഈ കുട്ടികളുടെ മുഖത്തെ പുഞ്ചിരിയാണ്. എന്‍റെ മണ്ഡലമായ ഹരിപ്പാട്ടിൽ ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികൾക്കുമായി ‘സബർമതി’ എന്ന പേരിൽ ഒരു പ്രത്യേക സ്കൂളുണ്ട്. കുട്ടികളെ ചേർത്ത് നിർത്താനും സബർമതിയെ നല്ല രീതിയിൽ പ്രവർത്തിപ്പിക്കാനും കഴിയുന്നത് ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു. എന്‍റെ ജ്യേഷ്ഠ തുല്ല്യനായ ഒരാളുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ് സബർമതി സ്ഥാപിതമായത്. ഭിന്നശേഷിയുള്ള കുട്ടി വീട്ടിലുണ്ടായിരുന്നതിനാൽ സാമൂഹിക ജീവിതം നഷ്ടപ്പെട്ട നിരവധി മാതാപിതാക്കളിൽ ഒരാളായിരുന്നു ഈ സുഹൃത്ത്”,ചെന്നിത്തല കുറിച്ചു.