Latestകേരളം

പൈല്‍സ് സർജറിയെക്കുറിച്ചുള്ള ഭയം;മധ്യവയസ്കൻ ആശുപത്രി ജനല്‍ ചവിട്ടിപ്പൊട്ടിച്ച്‌ ഓടി

പാറശ്ശാല: പൈല്‍സ് സർജറിയെക്കുറിച്ചുള്ള ഭയം കാരണം അർദ്ധരാത്രിയില്‍ താലൂക്ക് ആശുപത്രിയുടെ ജനല്‍ ചവിട്ടിപ്പൊട്ടിച്ച്‌ കടന്നുകളഞ്ഞ അറുപത്തിയെട്ടുകാരനെ ഒടുവില്‍ കണ്ടെത്തിയത് ചോരയൊലിപ്പിച്ച നിലയില്‍ അയല്‍പക്കത്തെ വീടിന്റെ മുകളില്‍.പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പൈല്‍സ് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്ന പനച്ചമൂട് സ്വദേശി മാത്യുവിനെയാണ് (68) നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയത്. മാത്യുവിനെ തിങ്കളാഴ്ച പൈല്‍സിനു ശസ്ത്രക്രിയ നടത്തുന്നതിനായി ശനിയാഴ്ച പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ശസ്ത്രക്രിയ ഭയന്ന് ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടി മാത്യു ആശുപത്രിയുടെ ജനല്‍ച്ചില്ല് ചവിട്ടിത്തകർത്ത് ആശുപത്രിയില്‍നിന്ന് ഓടുകയായിരുന്നു. ജനല്‍ തകർക്കുന്ന ശബ്ദംകേട്ട് ജീവനക്കാർ ഓടിയെത്തിയെങ്കിലും മാത്യുവിനെ കണ്ടെത്താനായില്ല. ആശുപത്രി അധികൃതരുടെ പരാതിയില്‍ പാറശ്ശാല പോലീസ് ആശുപത്രി പരിസരത്ത് പരിശോധന നടത്തി.

തിങ്കളാഴ്ച രാവിലെ കുറുങ്കൂട്ടിക്കു സമീപത്തെ ഒരു വീടിന്റെ മുകളിലേക്കുള്ള പടിക്കെട്ടില്‍വെച്ചിരുന്ന വിറകുകൊള്ളികള്‍ സ്ഥാനംമാറി കിടക്കുന്നതുകണ്ട വീട്ടുകാർ ടെറസില്‍ നടത്തിയ പരിശോധനയില്‍ രക്തംവാർന്നനിലയില്‍ മാത്യുവിനെ കണ്ടെത്തി.

ഞായറാഴ്ച ക്ഷേത്രപരിസരത്തു രക്തം കണ്ടെത്തിയ സംഭവം നടന്നതിനു സമീപത്തുള്ള വീട്ടിലാണ് രക്തംവാർന്നനിലയില്‍ മാത്യുവിനെ കണ്ടെത്തിയത്. പാറശ്ശാല പോലീസ് സ്ഥലത്തെത്തി മാത്യുവിനെ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയില്‍നിന്നു ചാടിപ്പോയ വ്യക്തിയാണെന്ന് കണ്ടെത്തിയത്